Saturday 9 May 2015

Endemic Bird Day - May 9

പക്ഷികളെ കാക്കാന്‍ ഒരുദിനം
Posted on: 09 May 2015




കണ്ണൂര്‍: നമ്മുടെ പാറപ്പരപ്പുകള്‍ ഇല്ലാതാവുമ്പോള്‍ മഞ്ഞക്കണ്ണിതിത്തിരികള്‍ തേങ്ങും. കുറ്റിക്കാടുകള്‍ നഷ്ടപ്പെടുമ്പോള്‍ കാട്ടുകോഴിയും മുള്ളന്‍കോഴിയും കൂടില്ലാതെ വലയും. മരങ്ങളില്‍ കോടാലി വീഴുന്നത് കാലന്‍കോഴിയെയും നാട്ടിലക്കിളിയെയും ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കും. ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭൂമുഖത്തുനിന്ന് ഇല്ലാതാകുന്ന പക്ഷികളെയും അവയുടെ സംരക്ഷണവും ഓര്‍മിപ്പിച്ച് മെയ് ഒമ്പത് 'എന്‍ഡമിക് ബേര്‍ഡ് ഡേ'.

ഒരു ഭൂപ്രദേശത്തുമാത്രം കാണപ്പെടുന്ന പക്ഷികളെക്കുറിച്ചോര്‍ക്കാനാണ് ഈ ദിനം. പക്ഷിനിരീക്ഷകരുടെ നവമാധ്യമ കൂട്ടായ്മയായ 'ഇ-ബേര്‍ഡി'ന്റെ നേതൃത്വത്തിലാണ് ചില പ്രദേശങ്ങളില്‍മാത്രം കാണുന്ന പക്ഷികളുടെ കണക്കെടുക്കാന്‍ 'എന്‍ഡമിക് ബേര്‍ഡ് ഡേ' എന്ന പേരില്‍ ആഗോള പക്ഷിനിരീക്ഷണപരിപാടി സംഘടിപ്പിക്കുന്നത്. ഓരോരുത്തരും അവരുടെ പരിസരം 15 മിനുട്ടെങ്കിലും നിരീക്ഷിച്ച് കണ്ട പക്ഷികളുടെ വിവരം 'ഇ-ബേര്‍ഡി'ല്‍ (ebird.org) രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ആര്‍ക്കും ഇതില്‍ പങ്കാളികളാകാം.
ആവാസവ്യവസ്ഥാനാശത്തിലൂടെ വംശനാശഭീഷണി നേരിടുന്നവയാണ് നാട്ടിലെ പക്ഷികളേറെയും.

വീട്ടുമുറ്റത്ത് പറന്നിറങ്ങുന്ന കരിയിലക്കിളിയും പപ്പായ കൊത്തിത്തിന്നാനെത്തുന്ന ചിന്നകുട്ടുറുവനും ദേശീയപക്ഷിയായ മയിലും എല്ലാം നാട്ടില്‍നിന്നകന്നാല്‍പ്പിന്നെ ലോകത്ത് ഒരിടത്തുമുണ്ടാവില്ല എന്ന യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ കൂടിയാണീ ദിനാചരണം.
തെക്കന്‍ ഏഷ്യയില്‍മാത്രം കണ്ടുവരുന്ന പക്ഷികളുടെ എണ്ണം 226 ആണ്. ഇന്ത്യയിലും അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും മാത്രമായി കാണുന്നത് 103 ഇനം പക്ഷികളെയാണ്. നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന മുപ്പതോളം പക്ഷികളുണ്ട്. നമ്മുടെ സഹവാസത്തിലൂടെ അവയുടെ ആവാസവ്യവസ്ഥതന്നെ നഷ്ടപ്പെടുകയാണ്.
Print
SocialTwist Tell-a-Friend

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam